തുറവൂർ: ദേശീയപാതയിൽ അരൂർ മുതൽ തുറവൂർ വരെയുള്ള ഭാഗങ്ങളിൽ അനധികൃത പാർക്കിംഗ് വ്യാപകം. ഉയരപ്പാത നിർമാണം പുരോഗമിക്കുന്ന മേഖലയായതിനാൽ സ്ഥലപരിമിതി രൂക്ഷമാണ്. റോഡരികിൽ വാഹനങ്ങൾ മണിക്കൂറുകളോളം പാർക്ക് ചെയ്യുന്നത് ഗതാഗത സുരക്ഷയ്ക്ക് ഭീഷണിയാകുന്നതായി യാത്രക്കാരും നാട്ടുകാരും പരാതിപ്പെടുന്നു.
അരൂർ, ചന്തിരൂർ, എരമല്ലൂർ മേഖലകളിലാണ് അനധികൃത പാർക്കിംഗ് വ്യാപകം. ചന്തിരൂരിലെ വിവിധ സ്റ്റോറേജ് സ്ഥാപനങ്ങളിലേക്ക് ചരക്കുമായി എത്തുന്ന വലിയ വാഹനങ്ങളാണ് പ്രധാനമായും ദേശീയപാതയോരത്ത് പാർക്ക് ചെയ്യുന്നത്. ഇതുമൂലം ഇടറോഡുകളിൽ നിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് കാഴ്ച തടസമുണ്ടാകുകയും അപകടസാധ്യത വർധിക്കുന്നതായും ആക്ഷേപമുണ്ട്. ചന്തിരൂർ ഹൈസ്കൂളിന് സമീപത്തെയും എരമല്ലൂർ-ആലപ്പുഴ റൂട്ടിലെയും ബസ് സ്റ്റോപ്പുകൾ ബസ് ബേയിലേക്ക് മാറ്റണമെന്ന ആവശ്യവും ശക്തമാണ്.
അതേസമയം, ചന്തിരൂർ പഴയ റോഡിന്റെ വടക്കുഭാഗത്തേക്കുള്ള പ്രവേശന ഭാഗത്തെ കാന നിർമാണം നിലച്ചുകിടക്കുന്നതും യാത്രക്കാർക്കും വാഹനയാത്രികർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. നിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. അനധികൃത പാർക്കിംഗ് തടയുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമായി മോട്ടോർ വാഹന വകുപ്പ്, പൊലിസ്, ദേശീയപാത അഥോറിറ്റി എന്നിവയുടെ സംയുക്ത ഇടപെടൽ അനിവാര്യമാണെന്നും അഭിപ്രായമുയരുന്നു.